ഇതൊരു നിർമ്മാണത്തിലുള്ള വെബ്‌സൈറ്റ് ആണ്,ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തൊട്ടടുത്തുള്ള ഒരികര, കോട്ടൂര്, കണ്ണാടിച്ചാല്‍, ആടൂര് ദേശങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു റവന്യൂവില്ലേജ് രൂപീകരിക്കുന്നതുവരെ കടമ്പൂര്‍ എന്നത് ഒരു ചെറിയ ദേശത്തിന്റെ പേരു മാത്രമായിരുന്നു. ഈ പ്രദേശത്തെ ഏതാനും കാവുകള്‍ മാത്രമാണ് പഴയകാല ചരിത്രത്തെ സംബന്ധിച്ച ചെറിയ സൂചനകളെങ്കിലും തരുന്നത്. കണ്ടല്‍ വര്‍ഗ്ഗത്തില്‍പ്പെട്ട കടമ്പ് ചെടികളുടെ സാന്നിധ്യം കൊണ്ടാകാം ഈ പ്രദേശത്തിനു കടമ്പൂര്‍ എന്ന പേരു കൈവന്നത്. വില്യം ലോഗന്റെ മലബാര്‍ മാന്വലില്‍ പരാമര്‍ശിച്ചിട്ടുള്ള രണ്ടത്തറ (രണ്ടുതറ)യില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കടമ്പൂര്‍. ഇത് പഴയ ചിറക്കല്‍ താലൂക്കിന്റെ ഭാഗമായിരുന്നു. ആദ്യകാലത്ത് ഇവിടെ ജാതിവ്യവസ്ഥയും ഉച്ചനീചത്വവും വളരെ പ്രബലമായിരുന്നു. ഭൂസ്വത്തിന്റെ അവകാശികള്‍ നമ്പൂതിരിമാരോ നമ്പ്യാര്‍മാരോ ആയിരുന്നു. വെള്ളൂരില്ലം, മുല്ലപ്പള്ളി ഇല്ലം, അരയത്ത്, ആയില്ല്യത്ത്, കടയപ്രത്ത് എന്നിവരായിരുന്നു ഈ പ്രദേശത്തെ ഭൂസ്വത്ത് മുഴുവന്‍ കൈയ്യടക്കിവച്ചിരുന്നത്. നമ്പൂതിരി, നമ്പ്യാര്‍, തിയ്യര്‍, വാണിയര്‍, മലയര്‍, ചാലിയര്‍, വണ്ണാന്‍, വളഞ്ചിയര്‍ (നാവൂതീയര്‍), കാവുതീയര്‍, കണിയര്‍, പുള്ളുവര്‍, പുലയര്‍, ആശാരി, തട്ടാന്‍, കൊല്ലന്‍, കുശവന്‍, വെളുത്തേടത്ത് നായര്‍, ഊരാളി നായര്‍, ചെട്ടിനായര്‍ എന്നീ വിവിധ സമുദായങ്ങള്‍ പണ്ടുമുതല്‍ തന്നെ ഈ പ്രദേശത്തുണ്ടായിരുന്നു. വിദ്യാഭ്യാസം പ്രചരിക്കുകയും ജനകീയ മുന്നറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്തതിന്റെ ഫലമായാണ് ജാതി വ്യവസ്ഥ ക്ഷയിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ തന്നെ വിദ്യാഭ്യാസ പരിശ്രമങ്ങള്‍ ഈ പ്രദേശത്ത് ആരംഭിച്ചിരുന്നു. ഗുരുക്കള്‍ എന്ന് വിളിച്ചുപോന്ന നാട്ടാശാന്‍മാരായിരുന്നു മിക്കയിടങ്ങളിലും കുടിപ്പള്ളിക്കൂടങ്ങള്‍ ആരംഭിച്ചിരുന്നത്. അമരം, കാവ്യം, രൂപം, സംഖ്യാക്രിയകള്‍ എന്നിവയായിരുന്നു അക്കാലത്തെ പാഠ്യവിഷയങ്ങള്‍. പഠിക്കുവാന്‍ താളിയോലഗ്രന്ഥങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. കാടാച്ചിറയിലെ നൈറ്റ് സ്ക്കൂളില്‍ അധ്യാപകനായി ജോലി നോക്കിയിരുന്ന എ.കെ.ജി ഈ പ്രദേശത്തെ ചെറുപ്പക്കാരെ സംഘടിപ്പിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കാടാച്ചിറയിലെയും ആടൂരിലെയും കള്ളുഷാപ്പ് പിക്കറ്റ് ചെയ്തപ്പോള്‍ ഷാപ്പുടമകളുടെ ഭാഗത്തുനിന്നു കയ്യേറ്റമുണ്ടായിട്ടുണ്ട്. സ്വാതന്ത്യസമരസേനാനിയായിരുന്ന കെ.എ.കേരളീയന്റെ ജന്മഗേഹം കാടാച്ചിറയിലെ കടയപ്രത്ത് വീടായിരുന്നു. ഹയര്‍ എലിമെന്ററി സ്ക്കൂളില്‍ പഠിക്കാനായി കാടാച്ചിറയില്‍ താമസിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് അദ്ദേഹം എ.കെ.ജി.യുമായി പരിചയപ്പെടുന്നതും സ്വാതന്ത്ര്യസമരത്തിലേക്ക് ആകൃഷ്ടനാവുന്നതും. വടകരയില്‍വെച്ച് മഹാത്മാഗാന്ധിക്ക് സ്വന്തം ആഭരണങ്ങളൂരി സംഭാവനയായി നല്‍കുകയും, ഗാന്ധിയന്‍ ജീവിതം മാതൃകയാക്കുകയും ചെയ്ത വി.കൌമുദി ടീച്ചര്‍ പില്‍ക്കാലത്ത് ആടൂരിലാണ് സ്ഥിരതാമസത്തിന് എത്തിയത്. കൌമുദി അമ്മയുടെ പിതാവായ കടത്തനാട്ട് രാമവര്‍മ്മയും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടി, കമ്മ്യൂണിസ്റ്റ്് പാര്‍ട്ടി, മുസ്ളീംലീഗ് എന്നീ സംഘടനകള്‍ രൂപീകരിക്കപ്പെട്ട ആദ്യനാളുകളില്‍ തന്നെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പ്രദേശത്തും ആരംഭം കുറിച്ചിരുന്നു. സവിശേഷമായ ഒട്ടേറെ ആചാരങ്ങള്‍ ഈ പ്രദേശത്തു നിലവിലുണ്ടായിരുന്നു. മരിച്ചവരുടെ ആത്മാക്കളെ പൂര്‍വ്വികരുടെ ആത്മാക്കളുമായി ബന്ധിപ്പിക്കുന്നതിനു വേണ്ടി നടത്തപ്പെടുന്ന വടക്കേമ്പാവ് (വടക്കിനിവാവ്) ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടതാണ്. ഇതിനായി കോഴിയേയും മറ്റും ബലികൊടുക്കുമായിരുന്നു. ഭഗവതിക്കാവുകളില്‍ നിന്നുള്ള വാളെഴുന്നള്ളിച്ചുവരല്‍, വീടുകളില്‍ നടത്താറുള്ള പൈങ്കുറ്റി വെക്കല്‍, മീനമാസത്തെ പൂരോല്‍സവത്തിന് മണ്ണ് കൊണ്ടോ ചാണകം കൊണ്ടോ കാമന്‍, കന്നി, ഗണപതി എന്നീ രൂപങ്ങള്‍ നിര്‍മ്മിച്ച് പൂജിക്കല്‍ എന്നിവ ഇവിടുത്തെ സവിശേഷാചാരങ്ങളാണ്. മാവിലാക്കാവിലെ അടിയുത്സവത്തിന്റെ ഭാഗമായി ഒരു ദിവസത്തെ അടി നടക്കാറുള്ള കച്ചേരിക്കാവ് ഈ പഞ്ചായത്തിലാണ്. പണ്ടുകാലത്ത് പനയോലകൊണ്ട് നിര്‍മ്മിക്കുന്ന ഓലക്കുടകളുടെ വിവിധ രൂപങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഈ നാട് പ്രസിദ്ധമായിരുന്നു. കാലുള്ള കുടകളും തൊപ്പിയായി ധരിക്കാവുന്ന കുടകളും കൂടാതെ വയലില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ നീളത്തിലുള്ള പനയോലത്തൊപ്പിയുമാണ് ഇവിടെ ഉണ്ടാക്കിയിരുന്നത്. ഇതിന് പിരിയോല എന്നാണ് പറയുന്നത്. 1917 ജൂണ്‍ പതിനഞ്ചാം തിയതി കൊട്ട്യത്ത് അപ്പി മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചാണ് ഇന്ന് കാടാച്ചിറ സര്‍വ്വീസ് ബാങ്കായി മാറിയ കാടാച്ചിറ സര്‍വ്വീസ് സഹകരണ സൊസൈറ്റി രൂപീകരിക്കുന്നത്. 1911 ജനുവരി മൂന്നിനാണ് കാടാച്ചിറ സബ് രജിസ്ട്രാര്‍ ആഫീസ് ആരംഭിച്ചത്. ഉത്തര കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിലധിഷ്ഠിതമാണ് കടമ്പൂരിന്റെയും സംസ്കാരം. ഹിന്ദുക്കളും മുസ്ളീങ്ങളും ക്രിസ്ത്യാനികളും ഉള്‍പ്പെടുന്ന നാനാജാതിമതസ്ഥരുടെ സമൂഹമാണ് പഞ്ചായത്തിലുള്ളത്. ഹിന്ദുക്കളുടെയിടലെ പുല, വാലായ്മ തുടങ്ങിയ ആചാരങ്ങള്‍ ഇന്നും പ്രധാനമായും ആചരിക്കുന്നത് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കുടുംബങ്ങളാണ്. പൈങ്കുറ്റി, മുത്തപ്പന്‍ വെള്ളാട്ടം, തിരുവപ്പന, വടക്കേവാവ് (വടക്കിനിവാവ്), ഗണപതിഹോമം എന്നിവ ഇപ്പോഴുമുണ്ട്. വര്‍ഷംതോറും പഞ്ചായത്തില്‍ എത്തുന്ന കേളിയാത്രയെ കൂടാതെ ഹര ഹരോ ഹര മന്ത്രവുമായി കാവടിയേന്തിയ പളനി തീര്‍ത്ഥാടകരുടെ ഒരു സംഘവും അന്യദേശങ്ങളില്‍ നിന്ന് ഇവിടെ എത്താറുണ്ട്. തെയ്യകോലങ്ങള്‍ കെട്ടിയാടപ്പെടുന്ന കാവുകളില്‍ ശ്രദ്ധേയങ്ങളാണ് പനച്ചിക്കാവും പൂങ്കാവും. ഈ രണ്ടു കാവുകളിലും ഒന്നൂറ് നാല്‍പത്(ഒന്നുകുറവ് നാല്‍പത്-39) തെയ്യങ്ങള്‍ മൂന്നു ദിവസങ്ങളിലായി കെട്ടിയാടപ്പെടുന്നു. ആകര്‍ഷകങ്ങളായ തിരുമുടിയോടുകൂടിയ ആര്യകന്നികളും സമീപ പ്രദേശത്തെ ക്ഷേത്രങ്ങളിലൊന്നും കണ്ടുവരാത്ത ചുവന്ന ഗുളികനും പനച്ചിക്കാവിലെ സവിശേഷതയാണ്. കടമ്പൂരിലെ പൂങ്കാവില്‍ വര്‍ഷത്തില്‍ രണ്ടു തവണയായി ഉല്‍സവം നടത്തപ്പെടുന്നു. ഇവിടുത്തെ ഗുരുക്കന്‍മാരും രക്തചാമുണ്ടേശ്വരിയും ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്. മലയാള സിനിമക്ക് അന്താരാഷ്ട്രതലത്തില്‍ ബഹുമതി നേടികൊടുക്കുകയും അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്ത, പ്രശസ്ത സിനിമാ സംവിധായകനായ ടി.വി.ചന്ദ്രന്‍ കടമ്പൂര്‍ ദേശക്കാരനാണെന്നത് പഞ്ചായത്തിനു അഭിമാനമുളവാക്കുന്ന വസ്തുതയാണ്